നടിയെ ആക്രമിച്ച കേസ്; 'ഹണി എം. വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല', ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്ക് എതിരെ അതിജീവിത ഹൈക്കോടതിയില്‍. കേസില്‍ ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിക്ക് കത്ത് നല്‍കി.

നിലവിലെ വനിത ജഡ്ജിയുടെ വിചാരണയില്‍ അതിജീവിത് അതൃപ്തി രേഖപ്പെടുത്തി. വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് കത്ത് നല്‍കിയത്. സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കേസിന്റെ വിചാരണ നടക്കുന്നത്.

ജഡ്ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും മാറ്റുകയായിരുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Read more

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെയാണ് എറണാകുളത്തെ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.