നടിയെ ആക്രമിച്ച കേസ്;അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപണം; അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത നല്‍കിയ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജഡ്ജി കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി പിന്‍മാറിയത്. ജഡ്ജിനെ വിശ്വാസമില്ലന്നും അത് കൊണ്ട് ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിണഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് തനിക്ക് മറ്റുമാര്‍ഗമില്ലെന്നും അതിജീവിത പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പതിനഞ്ചാം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും. കേസില്‍ ശരത്ത് മാത്രമാണ് പുതിയ പ്രതി. അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

Read more

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ശരത്തിന് മേല്‍ ചുമത്തിയിട്ടുള്ളത്. ശരത്ത് ഉള്‍പ്പെടെ ഇതുവരെ15 പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.