നടിയെ ആക്രമിച്ച കേസ്; ഇന്ന് പ്രത്യേക സിറ്റിംഗ്, അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും

നടിയെ അക്രമിച്ച കേസില്‍ വിചാരണാകോടതി മാറ്റത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. നടിയുടെ ഹര്‍ജിയിലാണ് സിറ്റിംഗ് നടത്തുന്നത്. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്‌മാന്റെ ബെഞ്ചിന്റെ സിറ്റിംഗ്.

വിചാരണ എറണാകുളം സ്പെഷ്യല്‍ സി.ബി.ഐ കോടതിയില്‍നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹരജിയില്‍ അടച്ചിട്ടമുറിയിലെ രഹസ്യവാദം നടക്കുന്നത്. കേസില്‍ കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

ഇത് ് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് നടിയുടെ ഹര്‍ജിയില്‍ പറയുന്നു.