കെ.വി തോമസിന് എതിരെ നടപടി ഉണ്ടാകും, ഇല്ലെങ്കില്‍ തരൂരിനോട് ചെയ്യുന്ന അനീതി; കെ.മുരളീധരന്‍

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തത് അച്ചടക്ക ലംഘനമെന്ന് കെ മുരളീധരന്‍ എം.പി. കെ വി തോമസ് പങ്കെടുക്കുക മാത്രമല്ല ചെയ്തത്. സംസ്ഥാനത്ത് മാര്‍ക്‌സിസ്റ്റുകാര്‍ പോലും ഏകാധാപതിയായി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്.

കെ വി തോമസിനെതിരെ നടപടി ഉണ്ടാകും. ഇല്ലെങ്കില്‍ അത് പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച് സെമിനാറില്‍ പങ്കെടുക്കാതിരുന്ന ശശി തരൂരിനോട് ചെയ്യുന്ന അനീതിയായിരിക്കുമെന്ന മുരളീധരന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ ഹിന്ദു വര്‍ഗീയ വാദിയെന്ന് വിളിച്ച വ്യക്തിയാണ് ഇന്നലത്തെ സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. അധ്യക്ഷനും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചയാളാണ്. അതാണ് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതേണ്ട എന്ന് താന്‍ ഇന്നലെ പറഞ്ഞത്. രണ്ട് വെട്ടുപോത്തുകളോടും കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എകെജിയുടെ പാരമ്പര്യമൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

മോദിയുടെ ദാസനാണ് പിണറായി വിജയന്‍. ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തെ കൊണ്ട് മാത്രം കഴിയില്ലെന്നും, ബദലുണ്ടാക്കാനുള്ള ശ്രമം രാഹുല്‍ ഗാന്ധി നടത്തുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.