കെ.വി തോമസിന് എതിരായ നടപടി; കെ.പി.സി.സി ശിപാര്‍ശ അച്ചടക്കസമിതിയ്ക്ക് വിട്ടു, നാളെ യോഗം

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ വി തോമസിനെതിരായി നടപടി എടുക്കണമെന്നുള്ള കെപിസിസി ശിപാര്‍ശ അച്ചടക്ക സമിതിയ്ക്ക് വിട്ടു. അച്ചടക്ക സമിതി നാളെ യോഗം ചേരുമെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

പാര്‍ട്ടിച്ച് നടപടിക്രമങ്ങളുണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കും. അച്ചടക്ക സമിതിയുടെ പരിശോധയ്ക്ക് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ തീരുമാനം എടുക്കും. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് പിണറായി വിജയന്‍ തന്നെ പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശം എന്നത് അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും. അത് കെ വി തോമസിന് മനസ്സിലായിട്ടുണ്ടോ എന്ന് അറിയില്ല.

സി.പി.എം കേന്ദ്രനേതൃത്വം കേരള ഘടകത്തിന്റെ അജന്‍ഡയ്ക്ക് കീഴടങ്ങിയെന്നും, കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ കേരള അജന്‍ഡയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 75 വയസ് കഴിഞ്ഞവര്‍ പറ്റില്ലെന്ന് പറയുന്ന പാര്‍ട്ടിയാണ് കെ വി തോമസിനെ അടര്‍ത്താന്‍ നോക്കുന്നത്.

പാര്‍ട്ടിയോട് ആലോചിച്ചല്ല സിപിഎം സെമിനാറിലേക്ക് ആളുകളെ തീരുമാനിച്ചത്. പങ്കെടുക്കരുത് എന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാദേശിക തലത്തില്‍ പാര്‍ട്ടികള്‍ക്ക് തീരുമാനം എടുക്കേണ്ടി വരും. അതിനെ എഐസിസിയും അംഗീകരിക്കുകയായിരുന്നു.

ഒരാളേയും സെമിനാറില്‍ പങ്കെടുക്കുന്നതിന് വിലക്കുന്ന പാര്‍ട്ടില്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ സിപിഎമ്മിന് യോഗ്യതയില്ല.സിപിഎം ഒരു പാര്‍ട്ടി നേതാവിനേയും പാര്‍ട്ടിയുടെ അനുമതിയില്ലാതെ മറ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ അനുവദിക്കാറില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.