തലസ്ഥാനത്ത് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍

തലസ്ഥാനത്ത് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കൊടങ്ങാവിള സ്വദേശി ബിപിന്‍ ആണ് കേസില്‍ പിടിയിലായത്. കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വെണ്‍പകല്‍ സ്വദേശി സൂര്യഗായത്രിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി യുവതിയെ സ്‌കൂട്ടറില്‍ കെട്ടിവെച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ കാലിനും കൈക്കും തലക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിന്‍കര ആശുപത്രിയിലാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. സൂര്യഗായത്രി മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്.

Read more

ടെറസിന് മുകളില്‍ വച്ചാണ് ആദ്യം വെട്ടിയത്. കൈയില്‍ കരുതിയ വെട്ടുകത്തിയുമായാണ് ആക്രമണം നടത്തിയത്. ടെറസില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വീടിന്റെ സിറ്റ്ഔട്ടില്‍ സൂര്യഗായത്രിയെ എത്തിച്ചു. ഇവിടെ നിന്ന് പ്രതി എത്തിയ ബൈക്കില്‍ കെട്ടിവെച്ചുകൊണ്ട് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കെണ്ടുപോയത്.