തൃശൂരില്‍ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി അപകടം; എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തൃശൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി പാഞ്ഞുകയറി അപകടം. നിയന്ത്രണം തെറ്റിയ വണ്ടി കെഎസ്ആര്‍ടിസി ബസുള്‍പ്പടെ എട്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തൃശൂര്‍ ആമ്പല്ലൂര്‍ ദേശീയപാതയില്‍ സിഗ്നല്‍ കാത്തുകിടക്കുന്ന വണ്ടികളിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി ആണ് അപകടം ഉണ്ടാക്കിയത്. ലോറി ആദ്യം കെഎസ്ആര്‍ടിസി ബസിലാണ് ഇടിച്ചത്. തുടര്‍ന്ന് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് ഇടയാക്കിടയതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. പുതുക്കാട് പൊലീസും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.