ആര്യ രാജേന്ദ്രന് നേരെ അധിക്ഷേപം; കെ. മുരളീധരൻ എം.പിക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് കെ മുരളീധരനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ, 509 വകുപ്പുകൾ പ്രകാരമാണ് കേസ്. ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായിട്ടുള്ള ചില വർത്തമാനങ്ങളാണെന്നാണ് മുരളീധരൻ പറഞ്ഞത്. ഇതിനെതിരെ ആര്യ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആറ്റുകാൽ പൊങ്കാലയെ പോലും നോൺവെജ് പൊങ്കാല ആക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന പദവി കൂടി തിരുവനന്തപുരം മേയർക്ക് സ്വന്തമാണെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു. മുഴുക്കള്ളൻ എങ്ങനെ കാൽക്കള്ളനെ കുറ്റം പറയും എന്ന അവസ്ഥയിലാണ് തിരുവനന്തപുരം മേയറെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ പരിഹസിച്ചു.

അതേസമയം തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ എം.പി രം​ഗത്തെത്തി. പ്രഗൽഭരായ വ്യക്തികൾ ഇരുന്നിട്ടുള്ള കസേരിയിൽ ഇരിക്കുന്ന ഇപ്പോഴത്തെ മേയർ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താൻ സൂചിപ്പിച്ചതെന്ന് കെ മുരളീധരൻ പറഞ്ഞു. ആര്യാ രാജേന്ദ്രന് പ്രയാസമുണ്ടായെങ്കിൽ ഖേദിക്കുന്നു. താൻ കാരണം ആർക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയർ മുന്നോട്ട് പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ. മുരളീധരൻ എം.പി. മേയർക്കെതിരെ വിവാദ പരാമർശം നടത്തിയത്. മേയറെ കുറിച്ച് കെ. മുരളീധരൻ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.