അബുദാബി ഡ്യൂട്ടി ഫ്രീ; നറുക്ക് വീണ മലയാളിയ്ക്ക് ലഭിച്ചത് 20 കോടി രൂപ

പുതുവര്‍ഷ സമ്മാനം പോലെ അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബര്‍ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപ ലഭിച്ചത് മയാളിയ്ക്ക്. മനോരമ ന്യൂസ് നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെ
ദൈവത്തിന്റെ സമ്മാനമാണിത്. റിട്ടയര്‍മെന്റ് ജീവിതത്തിലേയ്ക്ക് കരുതിവയ്ക്കണം. പിന്നെ മകന്റെ വിദ്യാഭ്യാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കണംപുതുവര്‍ഷ സമ്മാനം പോലെ അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബര്‍ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപ സമ്മാനം ലഭിച്ച ആലപ്പുഴ ടൗണിലെ രജനി നിവാസില്‍ പരേതനായ വേലപ്പന്‍ നായര്‍പത്മാവതി ദമ്പതികളുടെ മകന്‍ ഹരികൃഷ്ണന്‍ വി.നായറിന്റേതാണ് വാക്കുകള്‍. ദുബായിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഈ 42 കാരന്‍ ഇത് മൂന്നാം തവണയാണ് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ആദ്യമായി കഴിഞ്ഞ മേയിലാണ് കൂപ്പണ്‍ എടുത്തത്. പിന്നീട്, നവംബറിലും ഭാഗ്യ പരീക്ഷണം നടത്തി. ഒന്നു പോയാല്‍ മൂന്നെന്ന പോലെ, ഡിസംബര്‍ രണ്ടാം വാരത്തിലെടുത്ത മൂന്നാമത്തെ ടിക്കറ്റിലൂടെ ഭാഗ്യമെത്തിയപ്പോള്‍ അത് ഈ നറുക്കെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനവുമായിത്തീര്‍ന്നു.

ദുബായില്‍ ജോലിത്തിരക്കിലായിരുന്നപ്പോള്‍, രാവിലെ 10 നായിരുന്നു ആദ്യ ഫോണ്‍ കോള്‍ വന്നത്. ഒരു ഫിലിപ്പീന്‍ യുവതി മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു വിളിച്ചത് അഭിനന്ദനങ്ങള്‍. അബുദാബി ഡ്യൂട്ടി ഫ്രീ ഡ്രീം 12 നറുക്കെടുപ്പില്‍ താങ്കള്‍ക്ക് 12 മില്യന്‍ ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍, വിശ്വസിച്ചില്ല. ആരോ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് ഉറപ്പ്. അതേപ്പറ്റി കാര്യമായി ചിന്തിക്കാതെ ജോലിയില്‍ മുഴുകി. പക്ഷേ, വൈകാതെ അബുദാബി ലാന്‍ഡ് ലൈനില്‍ നിന്ന് ഒരു കോള്‍ കൂടി വന്നു. ഫിലിപ്പീനി യുവതി പറഞ്ഞതിന്റെ ആവര്‍ത്തനം. ആ വിളി വിശ്വസിക്കാന്‍ തോന്നി. ഉടന്‍ അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യ നിഷയെ വിളിച്ച് കാര്യം പറഞ്ഞു. അത് ചേട്ടനെ ആരോ കളിപ്പിക്കാന്‍ ചെയ്തതായിരിക്കും എന്നായിരുന്നു ലാഘവത്തോടെയുള്ള മറുപടി. എന്നാലും ഡ്യൂട്ടിഫ്രീ സൈറ്റില്‍ പോയി നോക്കാന്‍ പറഞ്ഞു.

ഞാനെടുത്ത കൂപ്പണിലെ നമ്പറിന് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കി. താമസിയാതെ മാധ്യമങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. പിന്നീട്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു. പക്ഷേ, എനിക്കിപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ലഹരികൃഷ്ണന്‍ മനോരമയോട് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോഴുള്ള ജോലിയില്‍ പ്രവേശിച്ചത്. ഇതിന് ശേഷം നാട്ടില്‍ പോയിട്ടില്ല. അടുത്തയാഴ്ച നാട്ടിലേയ്ക്ക് കുടുംബ സമേതം പോകാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നു. നാട്ടിലുള്ള അമ്മയോട് സമ്മാനം ലഭിച്ച കാര്യം പറഞ്ഞപ്പോള്‍, അതൊന്നും എനിക്കറിയേണ്ട. നീ എത്രയും പെട്ടെന്ന് ഒന്നു വാ മോനേ എന്നായിരുന്നു മറുപടി. ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നത്. അതേതായാലും ഇത്രവലിയ ഭാഗ്യമായത് ദൈവാനുഗ്രഹംഹരികൃഷ്ണന്‍ പറയുന്നു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ജനുവരിയിലെ നറുക്കെടുപ്പ് ദിവസമാണ് ഹരികൃഷ്ണന് സമ്മാനം കൈമാറുക. ഭാര്യയോടും ഏഴ് വയസുകാരനായ മകന്‍ കരണിനോടുമൊപ്പം ഹരികൃഷ്ണന്‍ അജ്മാനിലാണ് താമസം.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വര്‍ഷാ വസാനത്തെ(ഡിസംബര്‍) നറുക്കെടുപ്പാണിത്. ഇതുകൂടാതെ, ആറ് മറ്റു സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 450,000, 100,000, 90,000, 80,000, 70,000, 60,000, 50,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനത്തുക.

ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും. 1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പില്‍ ഓരോ മാസവും പ്രീതി വര്‍ധിച്ചുവരുന്നു.

നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്ക് ഒന്‍പത് കോട രൂപ സമ്മാനം ലഭിച്ചു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിര്‍ഹം)യും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.