മഹാരാജാസ് കോളജില്‍ സ്ഥാപിച്ച അഭിമന്യുവിന്റെ സ്മാരകം അനധികൃതമെന്ന് സര്‍ക്കാര്‍

മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്‌.ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിച്ചത് അനധികൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. സ്മാരകം നിര്‍മ്മിച്ചതിന് അനുമതിയുണ്ടോയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സ്തൂപത്തിനെതിരെ വിദ്യാര്‍ത്ഥികളായ കെ. എം അംജാദ്, കാര്‍മ്മല്‍ ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി നല്‍കിയിട്ടില്ലെങ്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് കോളജ് ഗവേണിംഗ് കൗണ്‍സിലിനെ വിദ്യാര്‍ത്ഥികള്‍ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ കോളജായ മഹാരാജാസില്‍ സര്‍ക്കാരിന്റെയോ കോളജിന്റെയോ അനുമതിയില്ലാതെയാണ് സ്തൂപം സ്ഥാപിച്ചതെന്നും അത് കാമ്പസിലെ ശാന്തിയും സമാധാനവും നശിപ്പിക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്തൂപം നിര്‍മ്മിക്കാന്‍ പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. അഭിമന്യുവിന്റെ പേരിലുള്ള സ്തൂപം ഒരു കലാസൃഷ്ടിയാണെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. മരിച്ചുപോയ വിദ്യാര്‍ത്ഥിയുടെ സ്മാരകം അനുമതികളോടെയാണ് വേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു.