അഭിമന്യു വധം: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിച്ചതായി പൊലീസിന്റെ കുറ്റപത്രം

Gambinos Ad
ript>

മഹാരാജാസ് കോളജിലെ എസ്.എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ കുരുക്കാനുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിച്ചതായി കുറ്റപത്രം. കേസില്‍ 16 പ്രതികളാണ് ഉള്ളതെന്നും ഇതില്‍ ഏഴുപേര്‍ ഒളിവിലാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളെല്ലാം എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

Gambinos Ad

‘തെളിവുകള്‍ നശിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ഫോണുകളും ആയുധങ്ങളും കണ്ടെത്താനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞു’ എന്നാണ് കുറ്റപത്രത്തില്‍ തെളിവ് നശിപ്പിച്ചതിനെ കുറിച്ച് പറയുന്നത്. ന്യൂസ്18 കേരളയാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുന്നത്.

‘കേരളത്തിലെ പ്രധാന കോളജുകളില്‍ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകളുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സാന്നിധ്യവും ആധിപത്യവും ഉറപ്പിക്കുന്നതിനു വേണ്ടി അക്രമം നടത്തിയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും അക്രമ മാര്‍ഗ്ഗങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കണമെന്ന പൊതുഗൂഢാലോചനയുടെ ഭാഗമായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും’ കുറ്റപത്രത്തില്‍ പറയുന്നു.

ജൂലൈ രണ്ടാം തിയതി പുലര്‍ച്ചെയാണ് എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. അര്‍ജുന്‍, വിനീത് എന്നീ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിരുന്നു.