'ഇനി മുതല്‍ ഞാന്‍ ദേശീയ മുസ്ലിം, മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം ഭദ്രം': അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു

ജെ.പി നഡ്ഡ, വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ അംഗത്വ സ്വീകരണം. നരേന്ദ്ര മോദിയുടെ വികസന അജണ്ടയെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും തന്നെ ഇനി ഒരു ദേശീയ മുസ്ളിം എന്ന് വിശേഷിപ്പിക്കാം എന്നും ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചു കൊണ്ട് അബ്ദുള്ളക്കുടട്ടി പറഞ്ഞു.

ബി.ജെ.പി നേതാവ് ജെ. പി നഡ്ഡ, മന്ത്രി വി. മുരളീധരനും രാജീവ് ചന്ദ്രശേഖര്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഞാന്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. സൗത്ത് ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരും മുസ്ലിങ്ങളും തമ്മില്‍ കുറേ സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും ബി.ജെ.പിയും മുസ്ലിങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പുറത്താക്കി. കാരണം നരേന്ദ്ര മോദിയുടെ വികസനത്തെ അനൂകൂലിച്ചതിനാണ്. നരേന്ദ്ര മോദിയുടെ വികസന നയത്തിലൂടെ ഇന്ത്യ ലോകത്തിലെ സൂപ്പര്‍ പവര്‍ ആകാന്‍ പോകുകയാണ്.

ഇന്ത്യയിലെ മുസ്ലിങ്ങളെ വോട്ട് ബാങ്കുകളായി കണ്ട പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ നടന്ന പല പദ്ധതികളിലും ജനങ്ങളില്‍ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളില്‍ എത്തിക്കാന്‍ മോദിക്ക് സാധിക്കും. മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.