'നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നു'; ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെതിരെ പ്രതികരണവുമായി ആഷിഖ് അബു

എ.ഐ.സി.സി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. കോണ്‍ഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചത്. രവിശങ്കര്‍ പ്രസാദില്‍നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് “നിരാശപ്പെടുത്തുന്ന ചിത്രം” എന്നും ആഷിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/AashiqAbuOnline/photos/a.346311632204619/1276810269154746/?type=3&theater

യുപിയിലെ ജനങ്ങള്‍ക്ക് ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും നുണകളെയും രണ്ടു തരത്തിലുള്ള ഉപയോഗത്തെ കുറിച്ചും ബോധ്യമുണ്ട്. നുണകളുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് ബിജെപിയില്‍ നടക്കുന്നതെന്നും മുമ്പ് ടോം വടക്കന്‍ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ടോം വടക്കന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഇതിന് സാധിച്ചില്ല. മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കറുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഇത്തവണയും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും കോണ്‍ഗ്രസിന് നേതാവ് ആരാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കി കൊണ്ടിരിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ടോം വടക്കന്‍ പറഞ്ഞു.കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നു കൂടി ആരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്.