എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂര്‍ കൈപ്പിള്ളി പുതുശേരി വീട്ടില്‍ അഞ്ജന ചന്ദ്രന്‍ ആണ് മരിച്ചത്. 75 ദിവസത്തിലേറെയായി മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അഞ്ജന. ജില്ലയിലെ വിവിധ ആശുപത്രികളില്‍ യുവതി ചികിത്സ തേടിയിരുന്നു.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.15ഓടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. സര്‍ക്കാരില്‍ നിന്ന് രോഗികള്‍ക്ക് സഹായം ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Read more
സര്‍ക്കാര്‍ സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് അഞ്ജന ഉള്‍പ്പെടെയുള്ളവരുടെ ചികിത്സ നടത്തിയിരുന്നത്. വേങ്ങൂര്‍ മുഴക്കട പഞ്ചായത്തിലെ 240 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെ രോഗം ബാധിച്ച് ചികിത്സ തേടിയിരുന്നു.