'മൂന്നാറിനെ നിലനിര്‍ത്തിയില്ലെങ്കില്‍ കാലം നിങ്ങളെ വഞ്ചകരെന്ന് മുദ്ര കുത്തും' ; സര്‍ക്കാരിനെതിരെ വിഎസ്സിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ സുരേഷ്

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മുന്നറിയിപ്പും വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ സുരേഷ്. മുന്നാര്‍ സംരക്ഷിക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ കടമയാണെന്നും അല്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും സുരേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൊട്ടക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള വ്യാജപട്ടയവിവാദങ്ങള്‍ ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരുടെ മൂന്നംഗ സംഘം ഇടുക്കിയിലേക്ക് പോകാനൊരിക്കെയാണ് സുരേഷിന്റെ പ്രതികരണം.

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മൂന്നാറിന്റെ മരണ മണി മുഴങ്ങി തുടങ്ങി …. മൂന്നാര്‍……..പ്രകൃതി കേരളത്തിന് കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്.

നവീന മൂന്നാര്‍ എന്നത് 2006 ലെ വീ എസ് സര്‍ക്കാരിന്റെ നയമായിരുന്നു മൂന്നാറിന്റെ തനിമയും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ട് ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ മൂന്നാറിന് പ്രഥമ സ്ഥാനം ഉണ്ടാകുക.. പരിസ്ഥിതി ലോല പ്രദേശം ആയ മൂന്നാറിനെ കയ്യേറ്റ മാഫിയയില്‍ നിന്നും പൂര്‍ണ്ണമായും മോചിപ്പിക്കുക എന്നതൊക്കെയുള്ള ഏറ്റവും പുരോഗമന ഇടത് പക്ഷ നയമാണ് അന്ന് ആവിഷ്‌കരിച്ചത്.. അത് ആഗോള തലത്തില്‍ തന്നെ പ്രശംസ പിടിച്ച പറ്റിയതും ആണ്.

അതിന്റെ ഭാഗം ആയി അന്ന് 98 ഓളം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പതിനെട്ടായിരത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു കെട്ടി ഒറ്റ കേസില്‍ പോലും കോടതിയില്‍ സ്റ്റേ ലഭിച്ചില്ല ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീല കുറിഞ്ഞി കാണുവാന്‍ ആയിരങ്ങളാണ് മൂന്നാറില്‍ എത്തുന്നത് ഈ താഴ്വരയേ സംരക്ഷിക്കാന്‍ നീലകുറിഞ്ഞി ഉദ്യാനം ആയി വിജ്ഞാപനം ഇറക്കി അവിടങ്ങളില്‍ കാണുന്ന അപൂര്‍വ്വ ഇനം വരയാടുകളെയും സംരക്ഷിക്കാന്‍ വേണ്ട കരുതലോടു കൂടിയ നടപടികളും ഉണ്ടായി ഇതെല്ലാം നല്ല പഠനം നടത്തിയതിനു ശേഷം തന്നെ ആണ്.

ഈ താഴ്വരകളില്‍ എല്ലാം കയറി അവടത്തെ പാവങ്ങളെ പറ്റിച്ചു സര്‍ക്കാര്‍ ഭൂമി കയ്യടക്കി പിന്നീട് കള്ള പട്ടയം ഉണ്ടാക്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ രാജാക്കന്മാര്‍ മാരെ പോലെ വാഴുന്ന മാഫിയ സംഘങ്ങള്‍ക്ക് ഇടത് നിലപാടുള്ള സര്‍ക്കാര്‍ പിന്തുണ കൊടുക്കരുത്…. പരിസ്ഥതയും വനവും വരും തലമുറയ്ക്ക് കൂടിയുള്ളതാണ് എന്നതാണ് ഇടത് പക്ഷ നയം അതില്‍ വെള്ളം ചേര്‍ക്കുന്നത് ഭാവിയോട് ചെയ്യുന്ന വലിയ പാതകം ആണ്……നവീന മൂന്നാര്‍ എന്ന കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ആശയം നടപ്പിലാക്കിയില്ലെങ്കിലും മൂന്നാറിന്റെ പരിസ്ഥിതിയും തനിമയും നിലനിര്‍ത്തേണ്ടത് ഇടത് പക്ഷ സര്‍ക്കാരിന്റെ കടമയാണ്…. അല്ലെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല… കാലം നിങ്ങടെ കവിളില്‍ കരിയാല്‍ വഞ്ചകര്‍ എന്ന് മുദ്ര കുത്തും…….

Read more

https://www.facebook.com/suresh.achu.372/posts/1247926875352658?pnref=story