മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് പി.ടി.എ കമ്മിറ്റി അംഗത്തിന്റെ ക്രൂരമര്‍ദ്ദനം: സംഭവം കോഴിക്കോട്

കോഴിക്കോട് ബാലുശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബാലുശ്ശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. തന്നെ കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദ്ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിയായ സജിക്കെതിരെ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.