രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ്: ജാമ്യത്തില്‍ ഇറങ്ങിയ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് വന്‍ വരവേല്‍പ്പ്

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണ കേസില്‍ ജാമ്യം ലഭിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വന്‍ വരവേല്‍പ്പ്. ദിവസങ്ങളായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്ക് എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയത്. മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകള്‍ കൊണ്ടുള്ള മാല കഴുത്തില്‍ അണിയിച്ചുമാണ് ഇവരെ പ്രവര്‍ത്തകര്‍ വരവേറ്റത്.

കേസില്‍ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്.

സംഭവത്തില്‍ എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് നടപടിക്ക് സ്വീകരിച്ചത്.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

Read more

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എം പിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.