കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍, ആയുധങ്ങളും ഡിജിറ്റല്‍ വസ്തുക്കളും പിടിച്ചെടുത്തു; ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്.  എറണാകുളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 9 അല്‍ഖ്വയിദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകസംഘടനയുടെ അംഗങ്ങളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം.

ദേശീയ തലസ്ഥാനം ഉള്‍പ്പെടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്നും ഇവരില്‍ നിന്നും ആയുധങ്ങളും ഡിജിറ്റല്‍ വസ്തുക്കളും ലഘുലേഖകളും ഉള്‍പ്പെടെ കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. എറണാകുളം ജില്ലയിലും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. മൂന്ന് പേരെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ആറ് പേരാണ് മുര്‍ഷിദാബാദില്‍ പിടിയിലായത്.

വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അല്‍ഖ്വയിദയുടെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം 11- ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായുരുന്നു അന്വേഷണം ആരംഭിച്ചതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

സമൂഹ മാധ്യങ്ങള്‍ വഴിയാണ് ഇവര്‍ അല്‍ഖ്വയിദയിലേക്ക് ആകൃഷ്ടരായതെന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. ഇവരുടെ പേരുവിവരങ്ങളും ഏജന്‍സി പുറത്ത് വിട്ടു. മൂര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ് എന്നിവരാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. അബു സുഫിയാന്‍, മൈന്യൂള്‍ മൊണ്ടാന്‍, ലിയു ഇയാന്‍ അഹമ്മദ് എന്നിവരെയാണ് മുര്‍ഷിദാബാദില്‍ നിന്നും പിടികൂടിയതെന്നും റിപ്പോർട്ട് പറയുന്നു.