726 എഐ ക്യാമറകള്‍ക്ക് മുന്നിലും സമരവുമായി കോണ്‍ഗ്രസ്; അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെ തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ. സുധാകരന്‍

സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് ഒരു സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. അഴിമതിയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ തീപിടിക്കുന്ന വിചിത്ര സാഹചര്യമാണുള്ളത്.ബ്രഹ്‌മപുരത്തും സെക്രട്ടേറിയറ്റിലും ഒടുവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ രണ്ട് ഗോഡൗണിലും തീ ഉയരുന്നത് തെളിവുകള്‍ ചുട്ടെരിക്കാനാണ്.

കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. ഇനിയടുത്ത തീപിടിത്തം എഐ ക്യാമറയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മീഷന്‍ ഇടപാടിന് കളമൊരുക്കിയ കെല്‍ട്രോണിലാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. അഴിമതി ആരോപണം ഉയര്‍ന്ന ഇടങ്ങളിലെ തെളിവുകള്‍ തീപിടിത്തത്തില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്ത മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗുണദോഷിക്കുന്നത് ഏറ്റവും വലിയ തമാശയാണ്.സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതിയിലും തട്ടിപ്പ് അരങ്ങേറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിലുള്ളത്. തമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നു പറഞ്ഞതുപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെട്ടിപ്പു നടത്താന്‍ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ റോള്‍മോഡല്‍ മുഖ്യമന്ത്രിയാണ്.

അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണം നടത്താന്‍ പാടില്ലെന്ന ഭേദഗതി 2018ല്‍ നടപ്പായതോടെ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ചാകരയാണിപ്പോള്‍. അതോടൊപ്പം അഴിമതിക്കെതിരേ പോരാടാനുള്ള സംവിധാനങ്ങളെ വന്ധീകരിക്കുകയും ചെയ്തു. കേരളത്തില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് വെറും 112 പേരാണ്. ഒരു വര്‍ഷം കഷ്ടിച്ച് 18 പേര്‍. 2022ല്‍ വിജിലിന്‍സ് 47 കൈക്കൂലി കേസുകള്‍ മാത്രമാണ് പിടിച്ചത്. അതില്‍ എത്രയെണ്ണം ശിക്ഷിക്കപ്പെടുമെന്ന് കണ്ടറിയണം. അഴിമതിക്കെതിരേ ശക്തമായി പോരാടനുള്ള സ്വതന്ത്രസംവിധാനമായ ലോകായുക്തയെ കടിക്കാനോ കുരയ്ക്കാനോ ശക്തിയില്ലാത്ത കെട്ടുകാഴ്ചയാക്കി മാറ്റിയതും മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു.

Read more

അതേസമയം, എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ അഞ്ചിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. വൈകുന്നേരം നാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷസമരവുമായി രംഗത്ത് ഇറങ്ങുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.