'കൊടി ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കും'; വിമർശനങ്ങൾക്ക് ഹൈക്കോടതിയുടെ മറുപടി

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനത്തിന് എതിരെ ഹൈക്കോടതി. പാതയോരങ്ങളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് ആരാണെന്നത് കോടതിയ്ക്ക് വിഷയമല്ല. ആര് സ്ഥാപിച്ചാലും നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ നിയമ വിരുദ്ധമായി കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിന് എതിരെയുള്ള കേസ് പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസിന്റെ പ്രതികരണം.

നഗരത്തിലെ കൊടികള്‍ പാര്‍ട്ടിക്കാര്‍ തന്നെ കൊണ്ടുപോയതില്‍ സന്തോഷം ഉണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നടപടിക്ക് കോടതി കൂട്ടുനില്‍ക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ല. നഗരം മോടിപിടിക്കുന്നതിന് ഇടയിലാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതും അദ്ദേഹം വ്യക്തമാക്കി.

നിയമലംഘനങ്ങള്‍ക്ക് നേരെ കോര്‍പ്പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് നടപടി എടുക്കാന്‍ പേടി ആണെങ്കില്‍ അക്കാര്യം തുറന്ന് പറയണമെന്നും കോടതി അറിയിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ സെക്രട്ടറിക്ക് കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ നഗരത്തിലെ ബോര്‍ഡുകളും കൊടികളും പൂര്‍ണമായും മാറ്റിയെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഹര്‍ജി 22ന് വീണ്ടും പരിഗണിക്കും.