'ഷാജഹാനെ കൊല്ലുമെന്ന് വാട്‌സ്ആപ്പ് സന്ദേശം'; ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

പാലക്കാട് മലമ്പുഴയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട ഷാജഹാന് നേരത്തെ വധ ഭീഷണിയുണ്ടായിരുന്നെന്ന് കുടുംബം. നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നവരും പിന്നീട് ആര്‍എസ്എസിന്റെ ഭാഗമായവരുമായ ആളുകളില്‍ നിന്നാണ് ഭീഷണി ഉണ്ടായിരുന്നത്. ഷാജഹാനെ കൊല്ലുമെന്ന് വാട്്‌സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നും കുടുംബം ആരോപിക്കുന്നു.

മകന്റെ കൂടെ നടന്നവര്‍ തന്നെയാണ് ആക്രമിച്ചതെന്ന് അമ്മ എസ് സുലേഖയും പറഞ്ഞു. അതേസമയം കൊലയാളി സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളും സഹായം നല്‍കിയ മറ്റൊരാളുമാണ് പിടിയിലായത്. മൂന്നാം പ്രതി നവീനും അഞ്ചാംപ്രതി സിദ്ധാര്‍ത്ഥുമാണ് പിടിയിലായത്.

നവീനില്‍ നിന്നും ഷാജഹാന് ഭീഷണി ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കാട് ഡി വൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും.

പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ എട്ട് പ്രതികളുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഷാജഹാന്റെ സുഹൃത്തും പാര്‍ട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്നും പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേര്‍ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളില്‍ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നും പൊലീസ് പറയുന്നു.