'നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി'; കെ സുധാകരന്‍

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്ക് എതിരെയുണ്ടായ പൊലീസ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മോദിയെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഒപ്പം നിന്ന് തങ്ങളീ രാജ്യത്തെ വീണ്ടെടുക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് കരുതേണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി. നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.

നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട.