'കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനില്‍ എത്താന്‍ നോക്കൂ'; എം. സ്വരാജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയ സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന് എതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കളളവോട്ട് തടയാന്‍ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണ് തങ്ങള്‍ നടത്തിയിരിക്കുന്നത് എന്ന് പല തവണ ഓര്‍മ്മിപ്പിച്ചതാണ്. എന്നിട്ടും സിപിഎം കള്ള വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്ത് ആളെ വിടുകയാണെന്നും അവരെ തങ്ങള്‍ കൈയ്യോടെ പിടികൂടുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വളഞ്ഞ വഴിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കുവാന്‍ കഴിയുമോയെന്നാണ് സിപിഐഎം തൃക്കാക്കരയില്‍ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രം. ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാട് നാടകങ്ങള്‍ നമ്മള്‍ കണ്ടു. ഒന്നും ഏല്‍ക്കാതായപ്പോള്‍ അവര്‍ ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്. താങ്കള്‍ വ്യാജ കാര്‍ഡ് കൊടുത്ത് വിട്ട മറ്റൊരു സിപിഐഎം നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ്, ഞങ്ങള്‍ പൊലിസിനെ ഏല്പ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനില്‍ എത്താന്‍ നോക്കൂവെന്നും അദ്ദേഹം സ്വരാജിനോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രീ. സ്വരാജ്,
നാണമില്ലെ താങ്കള്‍ക്ക്?
വളഞ്ഞ വഴിയിലൂടെ UDF ഭൂരിപക്ഷം കുറയ്ക്കുവാന്‍ കഴിയുമോയെന്നാണ് CPIM തൃക്കാക്കരയില്‍ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രം. ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാട് നാടകങ്ങള്‍ നമ്മള്‍ കണ്ട്. ഒന്നും വേണ്ട പോലെ ഏല്ക്കുന്നില്ലായെന്ന് കണ്ട CPIM ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്.

കളളവോട്ട് തടയാന്‍ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത് എന്ന് പല തവണ ഓര്‍മ്മിപ്പിച്ചതാണ്. എന്നിട്ടും നിങ്ങള്‍ കള്ള വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങള്‍ കൈയ്യോടെ പിടികൂടുന്നു.

നാണമില്ലെ മിസ്റ്റര്‍ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാര്‍ഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും. എന്തായാലും താങ്കള്‍ വ്യാജ കാര്‍ഡ് കൊടുത്ത് വിട്ട മറ്റൊരു CPIM നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ്, ഞങ്ങള്‍ പോലിസിനെ ഏല്പ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനില്‍ എത്താന്‍ നോക്കു….