'ഇത്തവണ തൃശൂര്‍ പൂരത്തിന് നിയന്ത്രണങ്ങളില്ല'; സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി ആര്‍. രാധാകൃഷ്ണന്‍

തൃശൂര്‍ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂര്‍വാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആര്‍ രാധാകൃഷ്ണന്‍. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങളില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമുണ്ടായത്. രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍. തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേവസ്വങ്ങള്‍ക്കു മേല്‍ അധിക ബാധ്യത വരുത്തില്ല. പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Read more

തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 15 ലക്ഷത്തോളം ആളുകള്‍ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ വെടികെട്ട് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. മെയ് 10നാണ് തൃശൂര്‍ പൂരം.