'കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താന്‍ ഈ ഫന്റാസ്റ്റിക് 41 ധാരാളം'; എം.എം മണി പരാമര്‍ശം പിന്‍വലിച്ചതില്‍ കെ. സുധാകരന്‍

എംഎല്‍എ കെ കെ രമയ്ക്ക് എതിരെ എം എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ചതില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താന്‍ തങ്ങള്‍ക്കീ ഫന്റാസ്റ്റിക് 41 ധാരാളമാണെന്നും പരാമര്‍ശം പിന്‍വലിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരിക്കലും തിരുത്തില്ല എന്ന ധാര്‍ഷ്ട്യത്തോടെ സ്വന്തം പരാമര്‍ശത്തെ ന്യായീകരിച്ച് നടന്ന എം എം മണിയുടെ വിവരക്കേടിനെയാണ് പ്രതിപക്ഷം ജനാധിപത്യ രീതിയില്‍ മുട്ടുകുത്തിച്ചത്. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയും നിരുപാധികം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താന്‍ ഞങ്ങള്‍ക്കീ ‘Fantastic 41 ‘ ധാരാളമാണ്. ”ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട… കയ്യില്‍ വെച്ചേരെ … ഇവിടെ നിന്നും തരാനൊട്ടില്ലതാനും…… ‘ എന്ന വിവരദോഷം സാമാന്യ ബോധമുള്ള ഒരു മനുഷ്യനും സിപിഎം നേതാക്കളോട് തിരികെ പറയില്ല.

നിയമസഭയില്‍ കെ.കെ.രമയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ മുന്‍മന്ത്രി മണി പിന്‍വലിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണ്.ഒരിക്കലും തിരുത്തില്ല എന്ന ധാര്‍ഷ്ട്യത്തോടെ സ്വന്തം പരാമര്‍ശത്തെ ന്യായീകരിച്ച് നടന്ന എം എം മണിയുടെ വിവരക്കേടിനെയാണ് പ്രതിപക്ഷം ജനാധിപത്യ രീതിയില്‍ മുട്ടുകുത്തിച്ചത്.

സ്വയം തിരുത്തിയതല്ലെങ്കിലും പരാമര്‍ശം പിന്‍വലിച്ചതിനെ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്യുന്നു. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയും നിരുപാധികം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണം.
ജനദ്രോഹ സമീപനങ്ങളുമായി മുന്നോട്ട് നീങ്ങിയാല്‍ സകല കാര്യങ്ങളിലും പിണറായി വിജയനും സംഘവും ഇതുപോലെ ‘U- Turn ‘ അടിക്കേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു.