'കേരളത്തിലെ ഏറ്റവും തീവ്രമായ വർഗീയ പ്രസ്ഥാനമേതെന്നതിന് ഒരൊറ്റ ഉത്തരം...'

 

കേരളത്തിലെ ഏറ്റവും തീവ്രമായ വർഗീയ പ്രസ്ഥാനമേതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരമേയുള്ളു അത് സി.പി.എം ആണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.സി ജോർജിനോട് സുല്ലിട്ട് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഒന്നിച്ച് ഭരിക്കുന്നു. ഇന്നിതാ കോട്ടയം നഗരസഭയിൽ ബി.ജെ.പിയുടെ ഒക്കച്ചങ്ങായിയായി കോൺഗ്രസിനെ പുറത്താക്കാൻ അവിശ്വാസപ്രമേയവുമായി വന്നിരിക്കുകയാണ് സി.പി.എം എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ദേ…. ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിൽ കടന്ന് വന്ന ചെന്താരകം ചെങ്കോലേന്തുന്ന പാർട്ടിക്ക് ചതുർത്ഥിയിപ്പോഴും കോൺഗ്രസിനോട് മാത്രമാണ്, ഏത് ചെകുത്താനോട് കൂട്ട് കൂടിയിട്ടാണെങ്കിലും കോൺഗ്രസിനെ പുറത്താക്കണമെന്ന സിദ്ധാന്തമവതരിപ്പിച്ച ഇ.എം.എസിന്റെ കുഞ്ഞാടുകളിൽ നിന്ന് ഈ ഫാഷിസ്റ്റ് കാലത്ത് സെക്കുലർ കൂട്ടായ്മയ്ക്ക് വേണ്ടി ചിന്തിക്കുന്ന നിഷ്കളങ്കരാണ് വിഢ്ഡികൾ.

കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.സി ജോർജിനോട് സുല്ലിട്ട് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഒന്നിച്ച് ഭരിക്കുന്നു.

ഇന്നിതാ കോട്ടയം നഗരസഭയിൽ ബി.ജെ.പി യുടെ ഒക്കച്ചങ്ങായിയായി കോൺഗ്രസിനെ പുറത്താക്കാൻ അവിശ്വാസപ്രമേയവുമായി വന്നിരിക്കുന്നു.

ആരുടെ പാദ സേവ ചെയ്താണെങ്കിലും കോൺഗ്രസിനെ പുറത്താക്കിയും ഇല്ലാതാക്കിയും അധികാരം നില നിർത്താൻ ശ്രമിക്കുന്ന സി.പി.എം കാരേ നിങ്ങളുടെ ഇരട്ടത്താപ്പിനുള്ള ജനകീയ കൂലിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല…

കേരളത്തിലെ ഏറ്റവും തീവ്രമായ വർഗ്ഗീയ പ്രസ്ഥാനമേതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരം CPIM