'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല; അടുത്ത സഭാ സമ്മേളനത്തില്‍ നിയമനിര്‍മ്മാണം', സജി ചെറിയാന്‍

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മണം കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്ന് മന്ത്രി സഭയില്‍ അറിയിച്ചു. കെ.കെ രമ എംഎല്‍എ നല്‍കിയ സബ്മിഷനുള്ള മറുപടിയായാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

വനിത സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് കെ. ഹേമ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയാണെന്ന് ആരോപിച്ചാണ് കെ.കെ.രമ സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. പേര് വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂടി വയ്ക്കുകയാണെന്നായിരുന്നു ആരോപണം.

റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഡബ്ല്യു.സി.സി പ്രതിനിധികളെ ഉള്‍പ്പടെ പങ്കെടുപ്പിച്ചുള്ള യോഗം ഉടന്‍ ചേരും.

അതേസമയം സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സെറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ.സി.സി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.