'ഗുരുതര പിഴവ്'; മെട്രോ തൂണിന്റെ ബലക്ഷയത്തില്‍ മന്ത്രി പി. രാജീവ്

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് സംഭവിച്ചെന്ന് വ്യവസായ മന്ത്രി പി. രാജീവ്. മെട്രോ തൂണിന്റെ ബലക്ഷയം സംബന്ധിച്ച് ഡി.എം.ആര്‍.സി വിശദമായ അന്വേഷണംം നടത്തുന്നുണ്ട്. മറ്റൊരു ഏജന്‍സി പരിശോധന നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ 347ാം നമ്പര്‍ തൂണിനാണ് ചരിവ് കണ്ടെത്തിയത്. നിര്‍മ്മാണത്തില്‍ പിശക് പറ്റിയെന്ന് ഇ.ശ്രീധരനും വ്യക്തമാക്കിയിരുന്നു. തകരാറിന് കാരണം നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ഉണ്ടായ പിഴവെന്നാണ് കണ്ടെത്തല്‍. തൂണിന്റെ പൈലിംഗ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ല എന്നാണ് ജിയോ ടെക്‌നിക്കല്‍ പഠനം വ്യക്തമാക്കിയത്. പൈലിങിലെ വീഴ്ച പരിഹരിക്കാന്‍ നടപടി ആരംംഭിച്ചിട്ടുണ്ട്. മെട്രോ സര്‍വീസിനെ ബാധിക്കാത്ത തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

തകരാറ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച ഡി.എം.ആര്‍.സിയെയും, നിര്‍മ്മിച്ച എല്‍ ആന്‍ഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട്ട് കെ.എം.ആര്‍.എല്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ക്രമക്കേട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാത്തതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരു മാസം മുമ്പാണ് മെട്രോ പാളത്തിന് ചരിവ് ഉള്ളതായി കണ്ടെത്തിയത്. പാറ കണ്ടെത്തുന്നത് വരെ പൈലിംഗ് ചെയ്താണ് തൂണുകള്‍ നിര്‍മ്മിക്കേണ്ടത്. പാറയില്‍ എത്തിയാല്‍ അത് തുരന്ന് പൈലിംഗ് ഉറപ്പിക്കണം. എന്നാല്‍ നിലവില്‍ പാറയും പൈലിന്റെ അറ്റവും തമ്മില്‍ ഒരു മീറ്ററോളം അന്തരമുണ്ടെന്നാണ് കണ്ടെത്തല്‍. തൂണ്‍ നില്‍ക്കുന്നിടത്ത് നിന്ന് 10 മീറ്റര്‍ ആഴത്തിലുള്ള ചെളിക്ക് താഴെയാണ് പാറ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടേയ്ക്ക് പൈലിങ് എത്താത്തതാണ് തൂണിലെ ബലക്ഷയത്തിന് കാരണം.