'ആര്‍.എസ്.എസിന്റെ ലക്ഷ്യം കലാപമുണ്ടാക്കല്‍'; എ. വിജയരാഘവന്‍

കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍.എസ്.എസ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരണം. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പതാകദിനത്തില്‍ എ.കെ.ജി സെന്ററില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ജില്ലയില്‍ തികഞ്ഞ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സി.പി.ഐ.എമ്മിന്റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിന്റെ ഭാഗമായി നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ പഞ്ചാത്തലത്തില്‍ സമാധാന അന്തരീക്ഷ തകര്‍ക്കുകയെന്ന ഗൂഡാലോചനയാണ് അക്രമത്തിന് പിന്നില്‍ നടന്നിട്ടുള്ളത്. നാട്ടില്‍ കലാപം ഉണ്ടാക്കുകയാണ് ലക്ഷ്യം. ആര്‍.എസ്.എസ് അടയാളപ്പെടുത്തുന്നത് തന്നെ അക്രമത്തിലൂടെയാണ്. കൊലപാതകം ആസൂത്രിതമാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

ഏറെ വേദനാജനകവും, പ്രതിഷേധാര്‍ഹവുമായ സംഭവമാണ് നടന്നിരിക്കുന്നത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണം നടത്തിയത്. ആര്‍.എസ്.എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപന പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തിയിട്ടില്ല. സംഘപരിവാര്‍ നേതാവിന്റെ പ്രസംഗം കൊലപാതകം ആസൂത്രിതമാണ് എന്നതിന്റെ തെളിവാണ്. സി.പി.എം അക്രമത്തിന്റെ മുന്നില്‍ പതറുന്ന പാര്‍ട്ടിയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് സി.പി.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസ് രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ വഴിയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.

പുന്നോലിലെ ക്ഷേത്ര ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി.പി.എം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.