'യു.ഡി.എഫില്‍ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല'; കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ചിലര്‍ പോയതെന്ന് മോന്‍സ് ജോസഫ്

കോഴിക്കോട് നടന്ന കെപിസിസിയുടെ ചിന്തന്‍ ശിബിരിലെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. എല്‍ഡിഎഫിലെ അതൃപ്തര്‍ ആരെന്ന് കേരള കോണ്‍ഗ്രസിന് അറിയില്ല.അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് കെ പി സി സി വ്യക്തമാക്കട്ടെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

യുഡിഎഫില്‍ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല.യുഡിഎഫില്‍ നിന്ന് പോയവരെല്ലാം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് പോയത്.മുന്നണിയുടെ അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. എന്നാല്‍ അതേ കുറിച്ച് നിലവില്‍ ഒരു ചര്‍ച്ചകളും യുഡിഎഫില്‍ നടന്നിട്ടില്ല.അഭിപ്രായം പറയേണ്ട ഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ അഭിപ്രായം പറയും.തല്‍ക്കാലം അനാവശ്യ ചര്‍ച്ചകള്‍ക്കില്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും എല്‍ഡിഎഫിലെ അസംതൃപ്ത വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നുമുള്ള പ്രഖ്യാപനങ്ങളോടാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം. യുഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ധിപ്പിക്കും. ഇടതു നിലപാടുള്ള സംഘടനകള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വലതുപക്ഷനയങ്ങള്‍ പിന്തുടര്‍ന്ന് ഏറെക്കാലം എല്‍ഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്നും ഇന്നലെ അവസാനിച്ച ചിന്തന്‍ ശിബിരം അഭിപ്രായപ്പെട്ടിരുന്നു.

യുഡിഎഫിലേക്ക് വരാന്‍ പലരും ബന്ധപ്പെടുന്നുണ്ട്. സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്തവരും ഇടതുപക്ഷത്തുണ്ട്. അവര്‍ക്ക് മുന്നണി വിട്ട് പുറത്തുവരേണ്ടി വരും. ഈ കക്ഷികളെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.