'മന്ത്രിമാര്‍ ഫോണ്‍ പോലും എടുക്കുന്നില്ല, പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച' സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ സര്‍ക്കാരിന് എതിരെ കടുത്ത വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സി പി എം സംസ്ഥാന കമ്മിറ്റിക്ക് അതൃപ്തി. പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്്. ഉദ്യോഗസ്ഥ തലത്തിലും വലിയ വീഴ്ചകള്‍ ഉണ്ടായെന്നാണ് സംസ്ഥാന കമ്മിറ്റിയഭിപ്രായപ്പെട്ടത്.

ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപനകുറവുണ്ടായി. പൊലീസ് പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനം സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല.

കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ആയിരുന്നു. എന്നാല്‍, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരില്‍ പലര്‍ക്കും യാത്ര ചെയ്യാന്‍ വരെ മടിയാണെന്നും എല്ലാം ഓണ്‍ലൈനാക്കാന്‍ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമര്‍ശനമുണ്ട്.