'കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ'; പി.എം.എ സലാം

മുസ്ലിംലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പി.കെ .കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ട് തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത നൂറ്റാണ്ടിലെ വലിയ തമാശയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ്. ഉള്‍പാര്‍ട്ടി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലീഗിന്റെ നയം. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ചര്‍ച്ചകളെ അടിച്ചമര്‍ത്താറില്ല. ചന്ദ്രികയുടെ കടം ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തു. കടങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കണമെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നുവെന്നും അത് പാര്‍ട്ടി അംഗീകരിച്ചുവെന്നും സലാം പറഞ്ഞു.

സൗഹാര്‍ദ്ദ സംഗമം വിമര്‍ശനത്തിനുളള വേദിയായിരുന്നില്ല. പരാമാവധി സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. വ്യക്തിപരമായ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിലാണോ അതോ യുഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും കെ എസ് ഹംസ യോഗത്തില്‍ പറഞ്ഞിരുന്നു. ചന്ദ്രികയുടെ ഫണ്ടില്‍ സുതാര്യത ആവശ്യമാണെന്ന് പികെ ബഷീറും ആവശ്യപ്പെട്ടു.