'സംഘപരിവാര്‍ ആശയങ്ങള്‍ക്ക് ഇത് കരുത്ത് പകരും'; ഇസ്ലാം മതത്തിന് ഇത്തരം ലേബലുകള്‍ അന്യമാണ്; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് കുഞ്ഞാലിക്കുട്ടി

 

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മതത്തിന്റെ പേരില്‍ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യാന്‍ മതവും പ്രവാചകനും അനുവദിക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.’ഉദയ്പൂരിലെ അരും കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.

മതത്തിന്റെ പേരില്‍ ഇതുപോലുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യാന്‍ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്ലാം മതത്തിന് ഇത്തരം ലേബലുകള്‍ അന്യമാണ്. ഇസ്ലാം ആശയ സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ക്രൂരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മാനവ സമൂഹത്തിന് അപമാനവുമാണ്. സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് കരുത്ത് പകരാനേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ,’ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഉദയ്പൂര്‍ കൊലപാതകത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷണം നടത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

നുപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.