'ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല, സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, പഠിച്ച ശേഷം മാത്രമേ ഒപ്പിടൂ'; പോരിന് ഉറച്ച് ഗവര്‍ണര്‍

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകള്‍ പഠിക്കാന്‍ സമയം വേണം. വിശദമായി പഠിച്ചതിന് ശേഷമേ ഒപ്പിടുന്ന കാര്യം തീരുമാനിക്കൂ. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിനൊന്നും മറുപടി പറയുന്നില്ല. തന്റെ ബോധ്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അത് സഭയില്‍ വച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ പഠിച്ചതിന് ശേഷം ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി.

അതേസമയം സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് വിസിറ്റര്‍ പദവി നല്‍കാനുള്ള ഉന്നത വിദ്യാഭ്യാസ സമിതിയുടെ ശിപാര്‍ശ കണ്ടിട്ടില്ല. കാണാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിലസം ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണം വേണ്ട. ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ അവ പഠിക്കാന്‍ സമയം വേണം. കൃത്യമായ വിശദീകരണവും വേണം, ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ലെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.