‘എന്നെ പുകഴ്ത്തി സമയം കളയേണ്ട,ആവർത്തിച്ചാൽ നടപടി‘; എം.എല്‍.എമാരോട് മുഖ്യമന്ത്രി സ്റ്റാലിന്‍

നിയമസഭയിൽ തന്നെ പുകഴ്ത്തിയുള്ള എം.എൽ.എമാരുടെ പ്രസം​ഗത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാർക്കും എംഎൽഎമാർക്കും മുഖ്യമന്ത്രി കർശന നിർദേശം നൽകി.

സഭയിൽ ബിൽ അവതരിപ്പിക്കുന്ന സമയത്തും ചോദ്യമുയരുമ്പോഴും നേതാക്കളെ പുകഴ്ത്തി സമയം പാഴാക്കരുതെന്നും ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നേതൃത്വം വ്യക്തമാക്കുന്നു.

പുകഴ്ത്തൽ ഇനിയും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും അദ്ദേഹം നൽകി. സമയത്തിന്റെ വില കണക്കിലെടുത്താണ് ഞാനിത് നിര്‍ദേശിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

കടലൂര്‍ എംഎല്‍എ അയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്റെ ഇടപെട്ടിരുന്നു‍. എംഎല്‍എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാലിന് മുന്‍പും തമിഴ്‌നാട്ടില്‍ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിമാരെ പുകഴ്ത്തുന്നത് പതിവായിരുന്നു. തന്റേതായ നിലപാട് സ്വീകരിച്ച് വ്യത്യസ്തനാവുന്ന സ്റ്റാലിൻ ഇക്കാര്യത്തിലും മാതൃകയാവുകയാണ്.