'ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല'; കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍

കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി മന്ത്രി എം വി ഗോവിന്ദന്‍. ജലീലലിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റ് പരാമര്‍ശങ്ങളൊന്നും പാര്‍ട്ടിയുടെനിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ എന്നീ പദപ്രയോഗങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് ജലീലിനോട് തന്നെ ചോദിക്കണം. അദ്ദേഹം അതേ കുറിച്ച് വിശദീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും വ്യക്തമായ നിലപാടുണ്ടെന്ന് മന്ത്രി പി രാജീവും പറഞ്ഞു. അതേസമയം കെ ടി ജലീല്‍ എംഎല്‍എയുടേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണം. ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും പറയുന്നതെന്നും സതീശന്‍ പറഞ്ഞു.