'വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം, കേന്ദ്രസേനയെ വിന്യസിക്കണം'; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിഴിഞ്ഞം സമരത്തിനെതിരായി അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. കേസില്‍ സര്‍ക്കാരിന്റെ മറുപടി കോടതി പരിശോധിക്കും.
തുറമുഖനിര്‍മാണം തടസപ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശമാണ് കഴിഞ്ഞതവണ ഹൈക്കോടതി നല്‍കിയത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ സംരക്ഷണത്തിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എന്നാല്‍, തുറമുഖനിര്‍മാണം അനുവദിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ലത്തീന്‍സഭ.

അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായുള്ള ആരോപണങ്ങള്‍ സമരസമിതി തള്ളി. അതിജീവന സമരത്തെ നിര്‍വീര്യമാക്കാന്‍ തല്‍പരകക്ഷികള്‍ നിഗൂഢ ഇടപെടലുകള്‍ നടത്തുകയാണെന്ന് വിഴിഞ്ഞം സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര ആരോപിച്ചു.

സമരത്തിന്റെ ഭാഗമായ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ വിദേശത്തുനിന്ന് 11 കോടി രൂപ എത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.