'എം.ജി സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ നിരന്തരം ഇടപെട്ടു'; കെ.ടി ജലീലിന് എതിരെ മുന്‍ രജിസ്ട്രാര്‍

മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണവുമായി എം.ജി സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി. മന്ത്രിയായിരുന്നപ്പോള്‍ ജലീല്‍ സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടെന്നാണ് ആരോപണം.

ചട്ടവിരുദ്ധമായ മാര്‍ക്ക് ദാനം മാത്രമല്ല. സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളിലും മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ദൂതന്‍മാര്‍ മുഖേനയാണ് ഇടപെടല്‍ നടത്താറുള്ളത് എന്നും ഉണ്ണി ആരോപിച്ചു. ഇത്തരം ഇടപെടലുകളെ എതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിക്ക് വ്യക്തിവിരോധമായി എന്നും അദ്ദേഹം പറഞ്ഞു. ഈ വിരോധം 60 ലക്ഷം മുടക്കി ലഹരി ബോധവത്കരണത്തിനായി നിര്‍മ്മിച്ച സര്‍വകലാശാലയുടെ സിനിമയോട് തീര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ട്രിപ്പ് എന്നായിരുന്നു സിനിമയുടെ പേര്. ഉണ്ണിയാണ് ഇത് സംവിധാനം ചെയ്തത്.

മുന്‍ മന്ത്രി സി. രവീന്ദ്രനാഥിന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്. രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോള്‍ ജൈവം പദ്ധതി പ്രകാരം സമക്ഷം എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചു. അത് എല്ലാ കോളജുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി ബോധവത്കരണത്തിനായി സിനിമ നിര്‍മ്മിച്ചത്. ഈ സിനിമ റിലീസ് ചെയ്യപ്പെട്ടെങ്കിലും കെ.ടി ജലീല്‍ ഇടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്പ്പിക്കുകയായിരുന്നു. പ്രായപരിധിയുടെ പേരില്‍ രജിസ്ട്രാര്‍മാരെ ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ട നടപടിക്ക് പിന്നിലും മുന്‍ മന്ത്രിയുടെ വ്യക്തി വിരോധമായിരുന്നെന്നും ഉണ്ണി ആരോപിച്ചു.