'കോണ്‍ഗ്രസിന് കോടിയേരിയുടെ ഉപദേശം വേണ്ട'; സി.പി.എമ്മിന് ഓന്തിന്റെ സ്വഭാവമെന്ന് സുധാകരന്‍

സിപിഎമ്മിനെ വിമര്‍ശിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന് കോടിയേരിയുടെ ഉപദേശം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.എമ്മിന് യോഗ്യതയോ രാഷ്ട്രീയപാരമ്പര്യമോ ഇല്ലെന്നും ആരുമായും സഖ്യമുണ്ടാക്കാന്‍ മടിയില്ലാത്ത ഓന്തിന്റെ സ്വഭാവമാണ് സിപിഎമ്മിനെന്നും സുധാകരന്‍ പറഞ്ഞു.

തലശേരി കലാപത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പിന്തുണ വാങ്ങിയവരാണ് സി.പി.എം. ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയന്‍ പോലും തിരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്നും ഇപ്പോഴും ബി.ജെ.പിയുമായുള്ള ധാരണയിലാണ് സി.പി.എം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സ്വന്തം വഴി അറിയാമെന്നും കോടിയേരി ബാലകൃഷ്ണന്റെയോ പിണറായിയുടെയോ ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനവികാരം കെ റെയിലിന് എതിരാണ്. ഈ പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും തന്റെയോ പിണറായിയുടെയോ തറവാട് സ്വത്തല്ല കേരളം എന്നും സുധാകരന്‍ വ്യക്തമാക്കി.