'നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കും, യാത്രക്കാരുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും '; ആന്റണി രാജു

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.പൊലീസ് സംരക്ഷണം നല്‍കിയാല്‍ കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് യാത്രാ സൗകര്യം കെ.എസ്.ആര്‍.ടി.സി ഉറപ്പാക്കും. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. രണ്ടു ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു.

ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.