'ഡോളർ കടത്തിൽ മുഖ്യമന്ത്രി മറുപടി പറയണം': നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഇന്നും ബഹിഷ്കരണം

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ആരോപണം നിയമസഭയിൽ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നത്. ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്‌. ചോദ്യോത്തരവേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചു.

മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്‌. എന്നാൽ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും ഇന്നലെ പറഞ്ഞിരുന്നു.

എന്നാൽ ശബരിമല വിഷയം ഉൾപ്പെടെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭയ്ക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു ഇന്നലെ പ്രതിപക്ഷം പ്രതിഷേധിച്ചത്.