'ചെന്നിത്തലയുടേത് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം നഷ്ടമായപ്പോഴുണ്ടായ ഇച്ഛാഭംഗം'; മന്ത്രി ആര്‍.ബിന്ദു

കണ്ണൂര്‍ വിസി പുനര്‍നിയമത്തില്‍ ലോകായുക്തയുടെ വിധിയെ തുടര്‍ന്ന് പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. ചെന്നിത്തലയുടേത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം നഷ്ടമായപ്പോഴുണ്ടായ ഇച്ഛാഭംഗമാണെന്ന് മന്ത്രി പറഞ്ഞു. ചെന്നിത്തലയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അസഹിഷ്ണുതയാണ്. അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് ചേര്‍ന്നതല്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും തനിക്ക് ചുറ്റും ആരോപണങ്ങളുടെ പരമ്പര തീര്‍ത്തുവെന്നും മന്ത്രി ആരോപിച്ചു. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഭാഗത്ത് നിന്നുണ്ടായത് സഹകരണ മനോഭാവമാണ് എന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പണ്ഡിതനാണ്. അദ്ദേഹവുമായി എതിരിടാന്‍ ഇല്ല എന്നും മന്ത്രി പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ വിഷയം മനസിലാവുന്ന രീതിയില്‍ അവതരിപ്പിക്കണം. വിവാദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കരുത്. അനാവശ്യ വാദപ്രതിവാദങ്ങള്‍ അല്ല വേണ്ടത്. മാധ്യമങ്ങള്‍ കുറച്ച് കൂടി അവധാനതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും നല്‍കിയത് നിര്‍ദ്ദേശം മാത്രമാണ് എന്നായിരുന്നു ലോകായുക്തയുടെ വിധി. മന്ത്രിയുടെ നിര്‍ദ്ദേശം ഗവര്‍ണ്ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ലോകായുക്ത ഇത് സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളുകയായിരുന്നു.