'ഉഭയസമ്മത പ്രകാരമുള്ള ലൈഗിംക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിന് എതിരെ ജാഗ്രത വേണം'; വിജയ് ബാബു കേസില്‍ ഹൈക്കോടതി

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമാക്കി മാറ്റുന്നതിന് എതിരെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ദിവസം നടിയെ പീഡിപ്പിച്ചെന്ന് കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. തെളിവുകള്‍ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ പെരുമാറ്റ രീതികള്‍ പുരുഷന്‍മാരുടെ വീക്ഷണ കോണില്‍ നിന്ന് വിലയിരുത്തുന്ന രീതി ഒഴിവാക്കണം. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടന്‍ പരാതി നല്‍കിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും കോടതിയുടെ പരിഗണനവിഷയമാകരുത്. ഓരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവും പരിഗണിക്കണം. അതുകൊണ്ടാണ് ഓരോ കേസിലും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി. അതേസമയം കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കാന്‍ പാടില്ല, തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു ആവര്‍ത്തിച്ചത്. 40 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി.