'കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചു'; കഞ്ചാവ് കേസില്‍ അറസ്റ്റിലായ അംഗപരിമിതനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി

ആലപ്പുഴയില്‍ അറസ്റ്റിലായ അംഗപരിമിതനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഓട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചെന്നാണ് പരാതി. സ്റ്റേഷനിലുണ്ടായ രണ്ട് പൊലീസുകാരാണ് തന്നെ ആക്രമിച്ചതെന്ന് ജസ്റ്റിന്‍ പറയുന്നു.

രണ്ടുദിവസം മുന്‍പാണ് സംഭവം. മുഖത്തടിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ചുറ്റിക കൊണ്ട് അടിച്ചത്. അടിയേറ്റതിനെ തുടര്‍ന്ന് തനിക്ക് വയ്യാതായപ്പോള്‍ ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തങ്ങള്‍ ഇടിച്ചെന്ന് ഡോക്ടറോട് പറഞ്ഞാല്‍ വീട്ടില്‍ കയറി ഇറങ്ങും. ഓട്ടോയില്‍ കഞ്ചാവോ മറ്റോ വെച്ച് ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാക്കി കളയുമെന്ന് പൊലീസ് പറഞ്ഞെന്നും ജസ്റ്റിന്‍ പറഞ്ഞു. ആശുപത്രിയിലെത്തി എക്സറേ എടുത്തപ്പോള്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ജസ്റ്റിന്റെ വെളിപ്പെടുത്തല്‍.

അതേസമയം ജസ്റ്റിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. കഞ്ചാവ് കേസിലാണ് ഇയാളെ പിടികൂടിയത്. മര്‍ദ്ദിച്ചിട്ടില്ലെന്നും വൈകുന്നേരത്തോടെ ജസ്റ്റിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കി.