പോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാല്‍ 30 ലക്ഷം വരെ നഷ്ടപരിഹാരം

പോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടാവുന്ന അപകടത്തില്‍ തിരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്‍ മരണമടഞ്ഞാല്‍ 30 ലക്ഷം രൂപ അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകള്‍/ സാമൂഹ്യവിരുദ്ധര്‍ എന്നിവര്‍ നടത്തുന്ന ആക്രമണം, ബോംബ്, റോഡ് മൈന്‍, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയില്‍ മരണമടയുന്നവര്‍ക്കാണ് 30 ലക്ഷം രൂപ ലഭിക്കുക.

മറ്റു തരത്തിലുള്ള അപകടങ്ങള്‍ മുഖേന മരണമുണ്ടായാല്‍ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായം ലഭിക്കും.
അപകടത്തിലോ അക്രമത്തിലോ കാല്‍, കൈ, കണ്ണ് എന്നിവ നഷ്ടപ്പെടുന്നവര്‍ക്ക് 7.5 ലക്ഷം രൂപ സഹായമായി ലഭിക്കും. തീവ്രസ്വഭാവമുള്ള സംഘടനകള്‍, സാമൂഹ്യ വിരുദ്ധര്‍ എന്നിവരുടെ ആക്രമണത്തില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസഥര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണ്.

തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്.