26 കുപ്പി മദ്യം, 27,000 രൂപ, പിന്നെ സി.സി.ടി.വിയും; ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം

തിരുവനന്തപുരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. കാഞ്ഞിരംകുളത്ത് ചപ്പാത്തുള്ള ബിവറേജസ് കടയില്‍ നിന്ന് 26 കുപ്പി മദ്യവും, 27,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. ഇതിന് പുറമേ കടയിലെ സി.സി.ടി.വി ക്യാമറയുടെ ഡിവിടിയും എടുത്തിട്ടുണ്ട്. വില കൂടിയ മദ്യമാണ് മോഷണം പോയിരിക്കുന്നതെന്നാണ് ബെവ്‌കോ കണക്ക്.

ബുധനാഴ്ച രാത്രിയാണ് ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്മാര്‍ അകത്ത് കടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് എടുത്തിരിക്കുന്നത്. കാലത്ത് കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. ഉടനെ കാഞ്ഞിരംകുളം പൊലീസില്‍ ഷോപ്പ് ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥ പരാതി നല്‍കി.

സിസിടിവിയുടെ പ്രധാന ഭാഗം നഷ്ടമായത് അന്വേഷണത്തിന് തിരിച്ചടിയായി. ഔട്ട്‌ലെറ്റില്‍ മുമ്പ് സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ഇല്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് എളുപ്പമായത്.

വിഴിഞ്ഞം – കളിയിക്കാവിള റോഡിനോട് ചേര്‍ന്നാണ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയണെന്ന് പൊലീസ് അറിയിച്ചു.