ശ്രീനിവാസനോട് വോട്ട് ചോദിക്കാനെത്തി; വന്ന കാര്യം മറന്ന് ജൈവകൃഷിയെ കുറിച്ച് സംസാരിച്ച് മടങ്ങി പി. രാജീവ്

എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി. രാജീവ് നടന്‍ ശ്രീനിവാസനെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. എന്നാല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ വന്ന കാര്യം പറയാന്‍ വിട്ടു പോയെന്നും ജൈവകൃഷിയെ കുറിച്ച് സംസാരിച്ച് മടങ്ങിയെന്നും പി.രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘നടന്‍ ശ്രീനിവാസനെ എപ്പോള്‍ കണ്ടാലും ജൈവകൃഷിയെ കുറിച്ചായിരിക്കും സംസാരം . ഞങ്ങള്‍ ഒന്നിച്ച് നടീല്‍ ഉത്സവങ്ങളിലും കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ വലിയ മുന്നേറ്റമാണ് കൃഷിയില്‍ ഉണ്ടായത്. കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മറന്നു പോയി.’ പി. രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടൻ ശ്രീനിവാസനെ എപ്പോൾ കണ്ടാലും ജൈവ കൃഷിയെ കുറിച്ചായിരിക്കും സംസാരം . ഞങ്ങൾ ഒന്നിച്ച് നടീൽ ഉത്സവങ്ങളിലും…

Posted by P Rajeev on Wednesday, 13 March 2019

 

ഒരുമാസം മുമ്പേ രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം പ്രചാരണം ആരംഭിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പി.രാജീവ്. സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുമ്പു തന്നെ പി.രാജീവിന്റെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്.