കോടിക്കുരുക്ക്: പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കില്ല; ഒതുക്കി തീര്‍ക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മുഖ്യപ്രതിയായ കോടിക്കുരുക്കില്‍ അന്വേഷണം നടത്തില്ലെന്ന് സര്‍ക്കാര്‍. ബിനോയിയുടേയും ദുബായില്‍ ചെക്ക് കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെയും സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്.

വിദേശമലയാളികള്‍ക്ക്, അധികാരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബിനോയ് കോടിയേരി അപമാനമാണെന്നും വിദേശത്ത് നിക്ഷേപം നടത്താനുള്ള ആസ്തിയെന്തെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം വിഷയം ഒത്തു തീര്‍ക്കാന്‍ തിരുവനന്തപുരത്ത് തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. തട്ടിപ്പിനിരയായ കമ്പനിയുടെ പ്രതിനിധികള്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയതാണ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം മക്കള്‍ നടത്തുന്ന ഇടപാടുകള്‍ പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്ര പിള്ളയും വ്യക്തമാക്കി. ഇതോടെ 13 കോടിയുടെ സാമ്പത്തീക തട്ടിപ്പ് കേസില്‍ സര്‍ക്കാരോ പാര്‍ട്ടിയോ അ്‌ന്വേഷിക്കില്ലെന്ന് ഉറപ്പായി. അതേ സമയം, വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അണിയറയില്‍ പുരോഗമിക്കുകയും ചെയ്യുന്നു.