'ഭാവി മുഖ്യമന്ത്രി' വാഗ്ദാനം ചെയ്തത് 15 ലക്ഷവും വീടും ഫോണും.കിട്ടിയത് 'രണ്ടര' !

മത്സരരംഗത്തുനിന്നും പിന്മാറാൻ തന്റെ അപരനായ സുന്ദരയ്ക്ക് കെ. സുരേന്ദ്രൻ രണ്ടുലക്ഷം കൊടുത്തു എന്ന വെളിപ്പെടുത്തലിലും കുഴല്പണത്തിന്റെ തെളിവുകൾ.

മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ച യക്ഷഗാന കലാകാരനായ കെ. സുന്ദര കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 467 വോട്ടുകൾ പിടിച്ചിരുന്നു. അന്ന് കെ. സുരേന്ദ്രൻ പരാജയപ്പെട്ടതാകട്ടെ 89 വോട്ടുകൾക്കും. ഇതിനാലാണ് സുന്ദരയെ വശത്താക്കി വിജയം ഉറപ്പാക്കാൻ  സുരേന്ദ്രൻ ലക്ഷ്യമിട്ടതെന്നു കരുതുന്നു.

ശബരിമല വിഷയം മലയാളികൾ വൈകാരികമായി ഏറ്റെടുത്തു എന്ന വിശ്വാസവും സുന്ദരയുടെ പിന്മാറ്റവും ചേർന്ന് ഒരു റെക്കോഡ് ഭൂരിപക്ഷമാണ് സുരേന്ദ്രൻ പ്രതീക്ഷിച്ചതെങ്കിലും ഇക്കുറി പഴയതിന്റെ  പതിമൂന്നിരട്ടിയായിരുന്നു ആഘാതം. 1200 വോട്ടിന്റെ പരാജയം. കൂടാതെ കോന്നിയിൽ 29,507 വോട്ടുകളുടെ ദയനീയ തോൽവിയും സംസ്ഥാനപ്രഡിഡന്റിന് രുചിക്കേണ്ടിവന്നു.

140 സീറ്റുകളുള്ള കേരളസംസ്ഥാനത്ത് 30 സീറ്റുകൾ ലഭിച്ചാൽ കേരളം ബിജെപി ഭരിക്കും എന്ന സുരേന്ദ്രന്റെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. വൻ പ്രതീക്ഷകൾ വെച്ചുപുലർത്തിയ ബിജെപി അനുകൂല മാധ്യമങ്ങൾ കെ. സുരേന്ദ്രനെ കേരളമുഖ്യമന്ത്രിയായി വരെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു.  വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിക്കുന്നതുപോലുള്ള കുതിരക്കച്ചവടത്തിന് ഇവിടെയും തങ്ങൾ പ്രാപ്തരാണെന്ന് വിളിച്ചറിയിക്കുകയാണ് സുരേന്ദ്രൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത്.