ഇസ്രയേലില്‍ ഭരണമാറ്റം;നെതന്യാഹു പടിയിറങ്ങുന്നു, ചരിത്രത്തിലാദ്യമായി അറബ് ഇസ്ലാമിക് പാര്‍ട്ടി ഭരണത്തിന്റെ ഭാഗമാകും

ഇസ്രായേലിന്റെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങുന്നു. പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാര്‍ട്ടി നേതാവുമായ യെയിര്‍ ലാപിഡ് എട്ട് പാര്‍ട്ടുകളുടെ സഖ്യം രൂപാകരിച്ചതായി പ്രഖ്യാപിച്ചതോടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ യുഗത്തിനാണ് വിരാമമാകുന്നത്. വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. തുടര്‍ന്ന് അവസാന രണ്ടു വര്‍ഷം യെയിര്‍ ലാപിഡും അധികാരത്തിലേറും. മുന്‍ ടി.വി അവതാരകനായ ലാപിഡ് മതേതരവാദിയാണ്. എന്നാല്‍ ബെന്നറ്റ് തീവ്ര മത ദേശീയവാദിയും നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയുമാണ്. സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രായേല്‍ പാര്‍ലമെന്റായ നെസ്റ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവെന്‍ റിവ്ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയില്‍ പറഞ്ഞു.

“ഈ സര്‍ക്കാര്‍ ഇസ്രായേലി പൗര്‍ന്മാരുടേയും തങ്ങള്‍ക്ക് വോട്ട് ചെയ്തവരുടേയും അല്ലാത്തവരുടേയും സേവനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എതിരാളികളെ ബഹുമാനിക്കുന്നതിനോടൊപ്പം ഇസ്രായേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും” എന്ന് പ്രസ്താവനയിലൂടെ ലാപിഡ് പറഞ്ഞു.

ടെല്‍ അവീവിനടുത്തുള്ള ഒരു ഹോട്ടലില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്. സര്‍ക്കാര്‍ രീപീകരിക്കുന്നതിന് സഖ്യമുണ്ടാക്കാന്‍ ലാപിഡിന് പാര്‍ലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച തന്നെയാണ് പ്രഖ്യാപനം നടത്തിയതും. കഞ്ചാവ് നിയമവിധേയമാക്കുന്നത് മുതല്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ, ജുഡീഷ്യല്‍ സെലക്ഷന്‍ കമ്മിറ്റി തുടങ്ങിയ വിഷയങ്ങള്‍ പുതിയ സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ സഖ്യത്തില്‍ യെയിര്‍ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവരെ കൂടാതെ ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായി ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഭരണത്തിന്റെ ഭാഗമാകുകയാണ്. മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്‍കുന്ന അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടിയാണ് ചരിത്രം കുറിക്കുന്നത്. അതേസമയം ജൂത വംശീയര്‍ നയിക്കുന്ന സര്‍ക്കാരിനൊപ്പം ഭരണത്തില്‍ പങ്കാളിയാകാനുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസിന്റെ തീരുമാനത്തെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം ശക്തമായി വിമര്‍ശിക്കുകയാണ്. ഹമാസുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ബെഞ്ചമിന്‍ നെതന്യാഹു പുറത്താകുന്നത്. ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരുമാണ് തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ നെതന്യാഹുവിനെ പുറത്താക്കാനാണ് ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസിന്റെ വാദം. ഇസ്രായേലില്‍ 20 ശതമാനത്തോളം ആണ് അറബ് വംശജരുടെ പ്രാതിനിധ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിയ്ക്ക് നാലു സീറ്റുകളാണ് കിട്ടിയത്.

രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. 12 വര്‍ഷത്തോളമായി നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല. ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ബുധനാഴ്ചയ്ക്കുള്ളില്‍ ലാപിഡിനും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സഖ്യത്തെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ ഈ വര്‍ഷാവസാനത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകുമായിരുന്നു. ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.